Hero Image

സെറ്റ് പരീക്ഷ; 25വരെ അപേക്ഷ നല്കാം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 25 വരെ നീട്ടി. 25നു വൈകിട്ട് 5 മണി വരെയാണ് സമയം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ 28, 29, 30 തീയതികളില്‍ അവസരമുണ്ട്.

സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒര്‍ജിനല്‍ (2023 മാര്‍ച്ച് 17നും 2024 ഏപ്രില്‍ 30നും ഇടയില്‍ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോള്‍ ഹാജരാക്കണം.

ആർക്കൊക്കെ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, അതേ വിഷയത്തിലെ ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെയും സെറ്റിന് പരിഗണിക്കും. സംവരണ(എസ്.സി./എസ്.ടി.)വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി. വിഭാഗത്തിലുള്ളവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്കും അവസരം

ബി.എഡ്. പൂർത്തീകരിച്ച് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദത്തിന്റെ അവസാന വർഷത്തിലുള്ളവർക്കും പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം പൂർത്തീകരിച്ച്, ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.

നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

അപേക്ഷാ ക്രമം

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈനായി ഒടുക്കണം. പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസൽ, ഒ.ബി.സി. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2023 മാർച്ച് 17 നും 2024 ഏപ്രിൽ 15 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കണം. എന്നാൽ പി.ഡബ്ല്യൂ.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും വെയ്ക്കണം

 

READ ON APP